തളിപ്പറമ്പ് : മാറ്റത്തിൻ്റെ കാറ്റ് തളിപ്പറമ്പിൽ തുടരുന്നു. നിയോജക മണ്ഡലത്തെ വ്യാവസായിക-സംരംഭകത്വ സൗഹൃദ മണ്ഡലമാക്കി മാറ്റുന്നതിന്റെ ഭാഗമായി ടി.കെഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ജനുവരിയിൽ നടക്കുന്ന ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റിന്റെ ഭാഗമായി ഗൾഫിലും അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്നു. മുഖ്യ മന്ത്രി വി ഡി സതീശൻ ഉൾപ്പെടെ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പങ്കെടുക്കുന്ന നാട്ടിലെ പരിപാടിയിൽ, പ്രവാസി ബിസിനസുകാർക്കും നിക്ഷേപകർക്കും പുതുമുഖ സംരംഭകർക്കും ആശയങ്ങൾ അവതരിപ്പിക്കാനുള്ള മികച്ച വേദിയൊരുക്കുകയാണ് പ്രധാന ലക്‌ഷ്യം.
പ്രസ്തുത ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റിന്റെ ഭാഗമായി നവംബർ 28, 29 തീയതികളിൽ ദുബായിലും വിപുലമായ പരിപാടികളാണ് രൂപകൽപന ചെയ്തിട്ടുള്ളത്. 28ന് ഡബിൾ ട്രീ ഹിൽട്ടൺ ഹോട്ടലിൽ നടക്കുന്ന നടക്കുന്ന ബിസിനസ് കോൺക്ലേവിൽ ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ, തളിപ്പറമ്പ നഗരസഭാ ചെയർപേഴ്സൺ പി കെ സുബൈർ, കണ്ണൂർ ജില്ലാ വികസന സമിതി അംഗം കോടിപ്പോയിൽ മുസ്തഫ, വ്യവസായ-വാണിജ്യ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ എ എസ് ഷിറാസ് എന്നിവർ അതിഥികളായെത്തും. തളിപ്പറമ്പിലെ വികസന-നിക്ഷേപക സാദ്ധ്യതകൾ ചർച്ച ചെയ്യുന്ന പാനൽ ഡിസ്കഷൻ എബിസി ഗ്രൂപ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് മദനി നയിക്കും. വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കേന്ദ്ര-കേരളം സർക്കാരുകളുടെ വിവിധ സ്കീമുകളും മാർഗ നിർദ്ദേശങ്ങളും കോൺക്ലേവിൽ ചർച്ച ചെയ്യും. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം.
29-ന് ഖിസൈസ് ഹാംപ്‌റ്റൻ ഹെയ്റ്റ്സ് ഇന്റർനാഷണൽ സ്‌കൂളിൽ നടക്കുന്ന മെഗാ കാർണിവൽ യുഎഇയിലുള്ള മുഴുവൻ തളിപ്പറമ്പുകാരുടെയും സംഗമമായി മാറും. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമുള്ള മത്സരങ്ങൾ, ഫുഡ് ഫെസ്റ്റ്, കലാ വിരുന്ന്, നൃത്ത-നൃത്യങ്ങൾ, പ്രശസ്ത ഗായകർ നയിക്കുന്ന സംഗീത വിരുന്ന്, ഖവാലി തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. ഗൾഫിലുള്ള തളിപ്പറമ്പ മണ്ഡലത്തിലെ പ്രതിഭകളെയും വിവിധ പരീക്ഷകളിലെ വിജയികളെയും ചടങ്ങിൽ അനുമോദിക്കും. ജനപ്രതിനിധികൾ ഉൾപ്പെടെ പ്രമുഖർ സംബന്ധിക്കും. ദുബൈ തളിപ്പറമ്പ മണ്ഡലം കെഎംസിസിയാണ് കാർണിവലിന് നേതൃത്വം നൽകുന്നത്.
ഫോട്ടോ: ദുബായിൽ നടക്കുന്ന തളിപ്പറമ്പ കാർണിവലിന്റെ ഭാഗമായുള്ള ബിസിനസ് കോൺക്ലേവ് ലോഗോ എബിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ മുഹമ്മദ് മദനി പ്രകാശനം ചെയ്യുന്നു.
Taliparamba constituency is changing. To make it business friendly A business conclave and carnival will be held in Dubai. T.K. Govindan MLA will lead it.























